തൊടുപുഴ: മുതലക്കോടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടിയന്തരമായി സ്ലാബിട്ടു മൂടി അപകടമൊഴിവാക്കുമെന്ന് പി.ജെ. ജോസഫ് എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ ഉറപ്പു നല്കി. നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മര്‍ച്ചന്റ്സ് അസോസിയേഷന്, കേരള ഹോട്ടല്‍സ് ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് എന്നീ സംഘടനകള്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പി.ജെ. ജോസഫ് എംഎല്‍എ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തത്.
കുഴി മൂടാത്തതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നഗരസഭയ്ക്കെതിരേ നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്ന് നഗരസഭാ വൈസ് ചെയര്മാന് കെ. ദീപക്, കൗണ്‍സിലര്‍ എ.എം. ഹാരിദ് എന്നിവര്‍ യോഗത്തില്‍ പറഞ്ഞു.
അപകടത്തിനിടയാക്കിയ കുഴി സ്ലാബിട്ടു മൂടണമെന്ന് ആവശ്യപ്പെട്ട് 2025 ജനുവരിയില്‍ നഗരസഭയ്ക്കു കത്തു നല്‍കിയിരുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ പതിവായി വെള്ളക്കെട്ടും അപകടവുമുണ്ടാകുന്നതിനാല് ഓട വൃത്തിയാക്കിയ ശേഷം ഇതിനുള്ളില്ക്കിടന്ന സ്ലാബ് മാത്രമാണ് പുറത്ത് വച്ചിരുന്നതെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. ഓടയുടെ സൈഡ് കെട്ടി സ്ലാബ് നിര്‍മിച്ച് അപകടം ഒഴിവാക്കണമെന്ന് ജനുവരിയില്‍ത്തന്നെ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ നീക്കിയ ശേഷം രണ്ടു ദിവസത്തിനുള്ളില്‍ ഓടയുടെ സൈഡ് കെട്ടി കുഴിയടയ്ക്കാനുള്ള ക്രമീകരണം ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു.
ധന്വന്തരി ജംഗ്ഷനില്‍ പുഴയോര ബൈപാസിനു തടസമായി നില്ക്കുന്ന കെട്ടിടം ഉടന്‍ പൊളിച്ചുനീക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇടിഞ്ഞുവീഴാറായ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുകയാണെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിംഗ് ഒരു വശത്തു മാത്രമാക്കാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ റോഡിനു നടുവിലായി നിര്‍ത്തുന്നുവെന്ന പരാതി ഉയര്‍ന്നു. സ്റ്റോപ്പുകള്‍ക്കു സമീപമുള്ള പെട്ടിഓട്ടോ, ഉന്തുവണ്ടി കച്ചവടക്കാരർ മാര്‍ഗ തടസം സൃഷ്ടിക്കുന്നതിനാലാണ് ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. പോലീസിനെ ഉപയോഗിച്ച് ഇവിടെ നിന്നും വഴിയോര കച്ചവടക്കാരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്കി.
വഴിയോര കച്ചവടക്കാര്‍ക്കായി വെന്‍ഡേഴ്സ് സോണ്‍ നടപ്പാക്കുക, കാരിക്കോട് ജില്ലാ ആശുപത്രി പ്രവേശനകവാടത്തിന് കൈവരി സ്ഥാപിക്കുക, മോര് ജംഗ്ഷനില്‍ ട്രാഫിക് ബ്ലോക്ക് വരുന്നതിനു പ്രധാന കാരണമാകുന്ന ഇടതുവശം ചേര്‍ന്നുള്ള ഗതാഗതത്തിനായി കൂടുതല്‍ പോലീസ് സേവനം ഉപയോഗപ്പെടുത്തുക, പഴയ പാലത്തിന്റെ നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തുക, പുഴയോര ബൈപാസിന്റെ വെങ്ങല്ലൂര്‍ ഭാഗത്ത് ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കുക, നഗരത്തില്‍ ഒരു മണിക്കൂറില്‍ കൂടുതലായും അലക്ഷ്യമായും പാര്‍ക്കുചെയ്യുന്ന വാഹനങ്ങളില്‍ പോലീസിന്റെ വാണിംഗ് സ്റ്റിക്കര്‍ ഒട്ടിക്കാനും തുടര്‍ന്നും ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
സിവില്‍ സ്റ്റേഷന് പരിസരത്തുള്ള ഉപയോഗശൂന്യമായ സാധനങ്ങളും പഴയ വാഹനങ്ങളും ഉടന്‍ നീക്കം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ടിപ്പര്‍ ലോറികളുടെ സഞ്ചാരം രാവിലെ 8.30 മുതല്‍ 10 വരെ ഒഴിവാക്കുക, ഓടകളുടെ മുകളിലെ തകര്‍ന്ന സ്ലാബുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുക, ഓടകളുടെ മുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് പ്രാബല്യത്തില്‍ വരുത്തുക, വഴിവിളക്കുകള്‍ കൂടുതല്‍ പ്രകാശമുള്ളതാക്കി പുനസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തീരുമാനമെടുത്തത്.
യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ലഘുലേഖയായി നഗരത്തില്‍ വിതരണം ചെയ്യാനും ധാരണയായി.
വിവിധ സംഘടനാ ഭാരവാഹികളായ ടി.സി. രാജു തരണിയില്‍, സി.കെ. നവാസ്, എം.എന്‍. ബാബു, ജോസ് വര്‍ക്കി കാക്കനാട്ട്, അനില്‍ പീടികപ്പറമ്പില്‍ , ജോസ്ലറ്റ് മാത്യു, ബ്ലെയിസ് ജി. വാഴയില്‍, പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സി.കെ. പ്രസാദ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ യു.എം. ശൈലേന്ദ്രന്, തൊടുപുഴ എസ്എച്ച്ഒ ടി.ജി. രാജേഷ്, എംവിഐ ആഷാകുമാര്‍, തഹസില്‍ദാര്‍ എച്ച്. രാജീവ് തുടങ്ങിയവരും പങ്കെടുത്തു.